ആദ്യം അനുസരണ പഠിപ്പിച്ചത് അമ്മയാണ്
പിന്നെ, സ്വരം കടുപ്പിച്ചും മുഖം ചുവപ്പിച്ചും അച്ഛന്‍
വരിയില്‍ തെറ്റാതെ നിറുത്തിയും ബെഞ്ചില്‍ മിണ്ടാതെ-
ഇരുത്തിയും പള്ളിക്കൂടവുമവിടുത്തെ മാഷന്മാരും
കല്‍പ്പനകള്‍ പത്തുമതിലധികവും നിരത്തിയ വിശ്വാസം
ആചാരങ്ങളുരുവിട്ടു കേള്‍പ്പിച്ച പുസ്തകത്താളുകള്‍
മൂക്കത്ത് വിരല്‍ വച്ചും നെറ്റിയില്‍ വര വീഴ്ത്തിയു-
മയല്‍പ്പക്കം പോരാഞ്ഞു കൂട്ടത്തില്‍ കൂട്ടാതെ കൂട്ടുകാര്‍
അനുസരണയുടെ പുലര്‍ച്ചകളില്‍ പ്രതിജ്ഞ ചൊല്ലിച്ചും
മിച്ചം പകലുകളില്‍ ബൂട്ടിനടിയില്‍ തളച്ചും രാഷ്ട്രം
എന്നിട്ടുമിപ്പോഴും ചില വൈകുന്നേരങ്ങളില്‍
അനുസരണക്കേടു കണ്ണ് വെട്ടിച്ചാകാശം കാണാനിറങ്ങും
ഒഴിഞ്ഞ കവലകളില്‍ ചെന്നു നിന്നൊന്നുറക്കെച്ചിരിച്ചും
മുഷ്ടി ചുരുട്ടിയും ചിട്ടയുടെ ഉപഗ്രഹക്കണ്ണുകളെ വെല്ലു-
വിളിച്ച് മടങ്ങി വരുമ്പോള്‍ പക്ഷേ, തിണ്ണയില്‍ നിന്ന് വീണ്ടും
കേള്‍ക്കാം കടിഞ്ഞാണിന്റെ അങ്ങേ തലക്കലെ ശബ്ദം