ആസന്നമായിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ശബരിമല വിഷയത്തിൽ മുമ്പെടുത്ത നിലപാടിൽ നിന്ന് പൂർണമായും പിന്തിരിയാനോ ഗൗരവം കുറച്ച് ചർച്ചയിൽ നിന്ന് ഒഴിവാക്കി നിർത്താനോ ആണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്. സുപ്രീം കോടതി തന്നെ ഭരണഘടനാ ധാർമികതയുടെ പൊരുളും പരിധിയും പോലും സംശയത്തിൽ നിർത്തി പിന്മാറിയ സ്ഥിതിക്ക് ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് പ്രായോഗികമായ ഒരു കാര്യം ഈ സന്ദിഗ്ദ്ധതയാണ്. എങ്കിലും ഇക്കാര്യത്തിൽ ചുരുങ്ങിയ ഒരു കാലയളവിലേക്കെങ്കിലും ധീരവും പുരോഗമനപരവുമായ നിലപാട് പുലർത്തിയതിൽ സിപിഐഎമ്മിനെ അനുമോദിക്കുന്നു.
അതിന് കാരണമുണ്ട്. സംഘപരിവാർ സംഘടനകളും നേതാക്കളും കാലങ്ങളായി അനുകൂലിച്ച് പോന്നിരുന്നതും, കോടതി വിധി വന്ന അവസരത്തിൽ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്ത ഒന്നായിരുന്നു ശബരിമലയിലെ യുവതീ പ്രവേശനം. എന്നാൽ സമൂഹത്തിലെ എൻ.എസ്.എസ് അടക്കമുള്ള, രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായി നിലനിൽക്കുന്ന യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിർപ്പ് രാഷ്ട്രീയ ലാഭമുണ്ടാക്കാനായി സംഘപരിവാർ ഏറ്റെടുക്കുകയും ശേഷം കോൺഗ്രസ് ഇതേ വഴി പിൻപറ്റുകയുമായിരുന്നു. സംഘപരിവാർ മറ്റിടങ്ങളിലെ പോലെ ഹിന്ദു അരക്ഷിതത്വമെന്ന വാദമുയർത്താൻ ശ്രമിച്ചപ്പോൾ, കോൺഗ്രസ് ഹിന്ദു മതത്തിലെ യാഥാസ്ഥിതികർ മാത്രമല്ല, സമാനമായ നിയമ/രാഷ്ട്രീയ ഇടപെടൽ ഭയന്ന മറ്റു മത വിഭാഗങ്ങളിലെ യാഥാസ്ഥികരുമടങ്ങുന്ന ഒരു പൊതുമുന്നണിയുടെ തന്നെ വ്യക്താക്കളായി, ഒരുപക്ഷെ ഒരു വിമോചന സമരം മാതൃകയിൽ. മതേതരത്വം എന്നാൽ എല്ലാ മതങ്ങളിലെയും യാഥാസ്ഥിതിക ബോധത്തിന് ഒരുപോലെ ചൂട്ടു പിടിക്കുന്നതാണ് (ചൂട്ടു പിടിക്കുന്നത് വെട്ടം കാട്ടാനാണ്, യാഥാസ്ഥിക ബോധത്തിന് ചൂട്ട് പിടിക്കുക എന്ന പ്രയോഗം അതിനാൽ ഒരു ഐറണി ആകുന്നു) എന്നാണ് കോൺഗ്രെസ്സുകാർ കുറെയായി ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ കുറച്ചുകൂടി സദുദ്ദേശകരായ (വളരെ)കുറച്ചുപേർ കോൺഗ്രസ്/യുഡിഫ് പക്ഷത്തും ഉണ്ടെന്ന് കരുതുന്നു. അവർ ഒരുപക്ഷെ വിഷയത്തിലെ ലിംഗനീതി പ്രശ്നം മനസ്സിലാക്കിയിട്ടും, മുഖ്യമന്ത്രി മറ്റൊരവസത്തിൽ പറഞ്ഞതുപോലെ സംഘപരിവാറിന് മരുന്നിട്ട് കൊടുക്കലാവും എന്നു ഭയന്ന് യാഥാസ്ഥിതിക നിലപാടിനോട് ഒപ്പം നിന്നിട്ടുണ്ടാവാം. (ഇങ്ങനെ സംഘപരിവാറിന്റെ പ്രതിവിപ്ലവത്തെയും വർഗീയമായ മുതലെടുപ്പിനെയും ഭയന്ന് ഉച്ചരിക്കപ്പെടാതെ പോകുന്ന നീതിയുടെ ആദ്യ നിലപാടല്ല ശബരിമല. ബാബരിയുടെ സ്ഥാനത്ത് ക്ഷേത്രം പണിയാൻ അനുവദിച്ച കോടതി വിധിയുടെ നൈതികയല്ലല്ലോ അതിന് ലഭിച്ച നിസംഗമായ സ്വീകാര്യതയ്ക്ക് കാരണം.) എന്നാൽ, ഇലക്ട്‌റൽ ലാഭത്തിന് വേണ്ടിയാണെങ്കിലും സംഘ്പരിവാർ വളർച്ചയോടുള്ള ഭയം കൊണ്ടാണെങ്കിലും യാഥാസ്ഥിതികതയോടൊപ്പം നിൽക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാകുന്നുള്ളൂ. സംഘപരിവാറിന്റെ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ അവസരമൊരുക്കേണ്ട എന്ന കരുതി കോൺഗ്രസ് രാമജന്മഭൂമി വിഷയത്തിൽ ചെയ്തുകൊടുത്ത വിട്ടുവീഴ്ചകളുടെ അനന്തരഫലമാണ് ഇപ്പോൾ രാജ്യം അനുഭവിക്കുന്ന വലതുപക്ഷ സമഗ്രാധിപത്യ ഭരണവും അന്തഛിദ്രവും. സദുദ്ദേശത്തോടെയാണെങ്കിലും ഇലക്ട്‌റൽ ലാഭത്തിന് വേണ്ടിയാണെങ്കിലും യാഥാസ്ഥിതികർക്ക് തങ്ങളൊരുക്കുന്ന തണൽ ഒരു ഇടത്താവളമേ ആകുന്നുള്ളൂ എന്നും, അവർ വൈകാതെ സംഘ്പരിവാറിന്റെ നിത്യവസതിയിലേക്ക് തന്നെ എത്തുമെന്നും കോൺഗ്രസ് എന്ന് മനസിലാക്കുന്നോ അന്ന് അവർക്ക് ഇന്ത്യയിൽ ഉപ്പിന് കാരമുള്ള ഒരു പ്രതിപക്ഷമായി തുടങ്ങാം.
പറഞ്ഞു വന്നത്, ഒരുവോട്ടു പോലും കിട്ടാനില്ലാത്ത, കയ്യിലുള്ള വോട്ട് പോകുമെന്ന് ഉറപ്പുള്ള ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു ശബരിമല വിഷയത്തിൽ സിപിഐഎമ്മിന്റേത്. പാർട്ടിക്കാർ സമ്മതിച്ചാലും ഇല്ലെങ്കിലും നന്നായി പോവുകയും ചെയ്തിട്ടുണ്ട് ലോക്സഭാ തെരെഞ്ഞെടുപ്പിൽ, ഒരുപക്ഷെ ഇനി തിരികെപ്പിടിക്കാൻ പ്രയാസമുള്ള രീതിയിൽ പോലും. സമാനമായ നിലപാടെടുത്ത സണ്ണി എം കപിക്കാട് മുതൽ ജെ ദേവിക വരെയുള്ള സ്വതന്ത്ര ബുദ്ധിജീവികളോ ആക്ടിവിസ്റ്റുകളോ ഇക്കാരണത്താൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയോ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ പോലും മെച്ചം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഏത് പാർട്ടിയെ പിന്തുണക്കണം എന്നതൊക്കെ തീർച്ചയായും അവരരുടെ നിലപാടാണ്. എന്നാൽ കീഴാള ജനതയ്ക്ക് ഇരുമുന്നണികളും ഒരേപോലെ അപകടകരമാണെങ്കിലും തുടർഭരണമാണ് കൂടുതൽ പ്രശ്നമെന്ന് പറയുന്ന കപിക്കാട് ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തി സ്ത്രീകളെ 2 വർഷം ജയിലിലിടാനുള്ള യുഡിഫ് വാഗ്ദാനത്തെ ഒരു അധിക പ്രശ്നമായി കണക്കാക്കുന്നില്ല. അതുപോലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മറ്റു കാരങ്ങളാൽ യുഡിഫിന് പിന്തുണ നൽകാനാണ് ദേവികയടക്കമുള്ള പബ്ലിക് ഇന്റലക്ച്വൽസ് ആഹ്വാനം ചെയ്തത്. നീതിയുക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ വിശ്വാസത്തിലെടുക്കാനും സഖ്യകക്ഷിയാക്കാനുമുള്ള പ്യൂരിറ്റൻ ആക്ടിവിസ്റ്/ബുദ്ധിജീവി വ്യവഹാരങ്ങളുടെ മടി ഭാവനാശൂന്യവും യാഥാർഥ്യനിഷേധവുമാണ്. അങ്ങനെ മുഖ്യധാര കക്ഷികളുമായി ഫലപ്രദമായ സഖ്യങ്ങളുണ്ടാക്കിയില്ലെങ്കിൽ, പ്രതീക്ഷയുടെ ഭാഷയിൽ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന ജനകീയക്കൂട്ടായ്മയും, നവ ജനാധിപത്യ പ്രസ്ഥാനങ്ങളുമൊക്കെ അടിയന്തിര വിഷയങ്ങളെ ഭാവിയുടെ രാഷ്ട്രീയഭൂപടത്തിലേക്ക് അവധിക്ക് വെക്കുന്ന ഏർപ്പാടുകളായി മാറും. ചുരുക്കത്തിൽ, ശബരിമല വിഷയത്തിൽ പുരോഗമന നിലപാടിന്റെ വോട്ട് മൂല്യം ന്യൂനസംഖ്യയാണ്. ഇത് മനസിലാക്കാതെയല്ല ഇടതുപക്ഷ സർക്കാർ ശബരിമല വിഷയത്തിൽ, നിർഭാഗ്യവശാൽ ഇപ്പോൾ പിന്തിരിഞ്ഞ പുരോഗമനപരമായ (മുൻ)നിലപാട് സ്വീകരിച്ചത്. ഇനിയും ഈ നിലപാടിന്റെ പേരിൽ നഷ്ടം സഹിക്കാൻ ആവില്ല എന്ന സമീപനത്തിലേക്ക് സിപിഐഎം എത്തിയിരിക്കുന്നു.
മുൻ നിലപാടിന്റെ വലിയ പ്രത്യേകത സാമൂഹ്യമാറ്റത്തിന്റെ ഒരു സാധുവായ ഉറവിടമായി രാഷ്ട്രീയ പ്രവർത്തനത്തെയും, ഭരണഘടനയെയും ഉയർത്തിപ്പിടിച്ചു എന്നതാണ്. സാമൂഹികതയും രാഷ്ട്രീയവും രണ്ടാണെന്നും സാമൂഹികമാറ്റത്തിന് വേണ്ടി രാഷ്ട്രീയം സ്വമേധയാ നടത്തുന്ന ഇടപെടലുകൾ അസാധുവാണെന്നുമുള്ള മിനിമലിസ്റ് രാഷ്ട്ര സങ്കല്പത്തെയും, ആധുനികയുക്തിയുടെ പരിമിതികൾക്കപ്പുറം വിശ്വാസത്തിന്റെ കണ്ണാടിയിൽ മാത്രം തെളിയുന്ന അജ്ഞേയമായ അർത്ഥങ്ങൾ സങ്കൽപിച്ച്, ലളിതമായി മനസ്സിലാക്കാവുന്ന നീതിരാഹിത്യത്തിനും പ്രതിരോധം തീർക്കുന്ന ഉത്തരാധുനികവാദങ്ങളെയും നിരാകരിച്ച് രാഷ്ട്രീയത്തിന്റെ സജീവ കർതൃത്വം നിലനിർത്താൻ ശ്രമിച്ചു എന്നതാണ് അനുമോദനാർഹമായിട്ടുള്ളത്. ആവശ്യത്തിന് സഖ്യകക്ഷികളില്ലാതെ, യാഥാസ്ഥിതികരുടെ വോട്ടുബലത്തിന് മുമ്പിൽ സിപിഐഎം നിലപാട് തണുപ്പിക്കുമ്പോൾ, ഒരു ചെറിയകാലത്തേക്കെങ്കിലും ഉയർത്തിപ്പിടിച്ച, പരാജിതമായ ഒരു ശെരി നിലപാടിന് അഭിവാദ്യങ്ങൾ.