Wednesday, 25 June 2014

വെട്ടിയിട്ട മരത്തിന്‍റെ
മണ്ണില്‍ ബാക്കിയായ വേര്.
വരണ്ടു പോയ പുഴയിലെ
കുണ്ടില്‍ ഒഴുക്ക് നിന്ന വെള്ളം.
ഇറുന്നിട്ടും ഉണ്മയുടെ
ഓര്‍മ്മ മുറിയാത്ത പൂവ്.
പുലര്‍ന്നപ്പോള്‍ ഇരുട്ട്
കണ്ണില്‍ ചാര്‍ത്തിപ്പോയ രാത്രി
പെയ്തൊഴിഞ്ഞ മഴയുടെ
ചുംബനഛവിയുള്ള കാറ്റ്
ചരാചരങ്ങളുടെ
സ്മാരകശിലകൾ

Thursday, 5 June 2014

ഓര്‍മയുടെ പുറംചട്ടയ്ക്ക്
ഓട്ട വീഴരുത്
ഇന്നും നാളെയും തമ്മിലുരസി
ഉതിരുന്ന പൊടി 
ഓര്‍മവാഹിനിക്കുഴലുകളുടെ
സന്ധികളിലടിയും എന്നതുകൊണ്ടല്ല
കുന്നിലോ കുളത്തിലോ മര-
പ്പൊത്തിലോ പോയി
തിരികെ വരാതെയൊളിക്കാന്‍
വെമ്പി നില്‍ക്കുന്നുണ്ട് ചിലര്‍, ഉള്ളില്‍.